മസ്കറ്റ്: ഒമാനില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നു. വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇതിനായി ഗതാഗത നിയമം ഭേദഗതികള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഭേദഗതികള്‍ നിയമമാകും.
ഓരോ ദിവസവും രണ്ടു പേരുടെ ജീവന് റോഡില്‍ നഷ്ടപ്പെടുന്നുവെന്ന കണക്കുകള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ചോ നിരോധിത മരുന്നുകള്‍ ഉപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്നതാണ് പ്രധാന ഭേദഗതി. 500 റിയാല്‍ പിഴയും ഒരുവര്‍ഷം വരെ തടവിനും ശേഷമായിരിക്കും നാടുകടത്തുക. സമാന കേസ്സില്‍ പിടിയിലാവുന്ന സ്വദേശികള്‍ക്ക് ഒരുവര്‍ഷം തടവും 500 റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും.
വാഹനാപകടങ്ങളെ ബോധപൂര്‍വമെന്നും അശ്രദ്ധമൂലമെന്നും രണ്ടു രീതിയില്‍ തരംതിരിച്ചാണ് നടപടിയെടുക്കുക. അശ്രദ്ധമൂലമുണ്ടാകുന്ന അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ 2000 റിയാല്‍ പിഴയും മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവും ലഭിക്കും. അപകടത്തിന് ഇരയാകുന്നവരുടെ പരിക്കിന്റെ ഗൗരവം അനുസരിച്ചായിരിക്കും ജയില്‍ശിക്ഷ തീരുമാനിക്കുക. അപകടം മൂലം മറ്റൊരാള്‍ക്ക് മരണമോ പത്ത് ദിവസത്തിലധികം ജോലിക്ക് ഹാജരാവാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുകയോ ചെയ്താല്‍ ഒരു വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക.
വാഹനമോടിക്കുബോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരുമാസം മുതല്‍ രണ്ടുവര്‍ഷം വരെ തടവും 300 റിയാല്‍ പിഴയും ലഭിക്കും. .പൊതുനിരത്തുകളില്‍ മത്സരയോട്ടം നടത്തുന്നവര്‍ക്കും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നവര്‍ക്കും മൂന്നുമാസം തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ.
ഇന്‍ഷുറന്‍സും രജിസ്ട്രേഷനും പുതുക്കാത്തവര്, ഗതാഗത തടസമുണ്ടാക്കുന്നവര് എന്നിങ്ങനെ എല്ലാത്തരം നിയമലംഘനങ്ങള്‍ക്കും കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന രീതിയില്‍ ആണ് നിയമ ഭേദഗതികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് സുരക്ഷിതമായ ഡ്രൈവിംഗ് സംസ്കാരം പകര്ന്നുനല്കാന് ലക്ഷ്യമിട്ടാണ് നിയമഭേദഗതി നടത്തുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.