റിയോ ഡി ജനീറോ: ഒളിമ്പിക്സ് പുരുഷഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ അര്‍ജന്റീനയെ 2-1 നാണ് ഇന്ത്യ തോല്പിച്ചത്.
2009 ന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ അര്‍ജന്റീനയെ തോല്പിക്കുന്നത്. എട്ടാം മിനിറ്റില്‍ ചിങ്ക്ളന്സേനയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് മുപ്പത്തിയഞ്ചാം മിനിറ്റില്‍ കൊത്തജിത് സിംഗും അര്‍ജന്റീനയുടെ വല കുലുക്കി.
രണ്ട് ഗോളുകള്‍ വഴങ്ങിയതോടെ ഇന്ത്യന്‍ ഗോള്‍മുഖത്ത് അര്‍ജന്റീന തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നാല്‍പ്പത്തിയൊന്‍പതാം മിനിറ്റില്‍ ഗോണ്‍സാലോ പെല്ലറ്റ് ആണ് അര്‍ജന്റീനയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്.
ആദ്യമത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് ഇന്ത്യ അപ്രതീക്ഷിതമായി അടിയറവ് പറഞ്ഞിരുന്നു. 2-1 നായിരുന്നു ജര്‍മനിയോട് ഇന്ത്യ പരാജയപ്പെട്ടത്.
അതിനിടെ പുരുഷന്മാരുടെ വ്യക്തിഗത അമ്പെയത്ത് വിഭാഗത്തില്‍ ഇന്ത്യയുടെ അതാനു ദാസ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നേപ്പാളിന്റെ ജിത്ബഹാദൂറിനെയാണ് അതാനുദാസ് തോല്പിച്ചത്.