കോട്ടയം/പത്തനംതിട്ട: യുഡിഎഫ് വിടാനുളള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.എം മാണിക്കെതിരായ രാഷ്്ട്രീയ നിലപാട് യൂത്ത് കോണ്‍ഗ്രസ് കടുപ്പിക്കുന്നു. മാണിയുടെ തീരുമാനം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകം കോട്ടയം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. മാണിയുടെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മധുരവിതരണം നടത്താനും യൂത്ത് കോണ്‍ഗ്രസുകാര്‍ തയ്യാറായി.
ബാര്‍ കോഴക്കേസില്‍ മാണിക്കും കേരള കോണ്‍ഗ്രസിനും പാര്‍ട്ടി നേതാക്കള്‍ നല്കിയ പിന്തുണയില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനൊടുവിലാണ് മുന്നണി വിടുന്നതായി മാണി പ്രഖ്യാപിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസിന്റെ തട്ടകമായ കോട്ടയത്ത് ആഹ്ലാദപ്രകടനവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവില്‍ ഇറങ്ങിയത്.
തിരുനക്കര മൈതാനത്തിന് സമീപം നടന്ന പ്രകടനത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാണിക്കും മകന് ജോസ് കെ മാണിക്കുമെതിരേ കടുത്ത ഭാഷയിലാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. മാണിയെ കോഴക്കളളനെന്നും ജോസ് കെ മാണിയെ സരിതക്കുട്ടനെന്നും ആക്ഷേപിക്കുന്ന മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി. മാണി രാജിവെയ്്ക്കണമെന്നും കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങി ഒറ്റുകൊടുത്തെന്നുമുളള മുദ്രാവാക്യങ്ങളും ഉയരുന്നുണ്ടായിരുന്നു.
ചരല്‍ക്കുന്നിലെ നേതൃയോഗത്തിന് ശേഷം മാണി മടങ്ങാന്‍ ഒരുങ്ങവേയാണ് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കരിങ്കൊടി കാട്ടിയത്. മാണിയുടെ വാഹനം തടഞ്ഞായിരുന്നു കരിങ്കൊടി കാട്ടിയത്. സമ്മേളന സ്ഥലത്തു നിന്നും എത്തിയ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇവരെ നേരിടാന്‍ ഒരുങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ചുവിടുകയായിരുന്നു. വരും ദിവസങ്ങളില്‍ മാണിക്കെതിരായ രാഷ്ട്രീയ പ്രചാരണം യൂത്ത് കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാക്കുമെന്നാണ് സൂചന.