അഹമ്മദാബാദ് : ഗുജറാത്തികൾക്ക് ആഗസ്റ്റ് 15 മുതൽ ടോൾ പിരിവിൽ നിന്ന് സ്വാതന്ത്ര്യം . സ്വകാര്യ വാഹനങ്ങൾക്കും ചെറുകാറുകൾക്കും ടോൾ ഈടാക്കില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു
തൊഴിലാവശ്യവുമായി ബന്ധപ്പെട്ട് നിരന്തരം കാറിലും മറ്റും സഞ്ചരിക്കേണ്ടി വരുന്ന സാധാരണക്കാർക്കു വേണ്ടിയാണ് തീരുമാനമെന്ന് ആനന്ദി ബെൻ പറഞ്ഞു. മദ്ധ്യവർഗ്ഗത്തിൽ പെട്ട വലിയൊരു ശതമാനം ജനങ്ങൾക്ക് ഇത് ആശ്വാസകരമാകുമെന്നും അവർ പറഞ്ഞു.
അൻപതോളം പ്രധാന ടോൾ ബൂത്തുകളാണ് ഗുജറാത്തിലുള്ളത് . വ്യാവസായിക കേന്ദ്രമായതിനാൽ നിരവധി വാഹനങ്ങളാണ് ദിനം പ്രതി ഗുജറാത്തിൽ വന്നു പോകുന്നത് . നികുതി ഒഴിവാക്കുന്നത് വഴി സർക്കാരിന് നൂറുകോടിയോളം രൂപ പ്രതിവർഷം നഷ്ടമാകുമെന്നാണ് കണക്ക്