അബുദാബി: അബുദാബിയിൽ അനധികൃത ടാക്സി ഡ്രൈവർമാരെ നിയന്ത്രിക്കാനുള്ള നടപടികൾ കർശനമാക്കുന്നു. അനധികൃത വാഹനങ്ങൾ കണ്ടുകെട്ടുകയും ഡ്രൈവർമാർക്ക് 5,000 മുതൽ 10,000 ദിർഹം പിഴയും 30 ദിവസം തടവുശിക്ഷയും ലഭിക്കുന്ന നടപടികൾ ആണ് ഉണ്ടാവുക.
പിഴ ഈടാക്കുകയും വാഹനങ്ങൾ പിടിച്ചെടുത്തു ലേലം ചെയ്യുന്നതിനുമൊപ്പം ഡ്രൈവർമാരിൽ നിന്നു 30,000 ദിർഹം പിഴ ഈടാക്കിയ ശേഷം നാടുകടത്തുന്നതിനുള്ള നിയമ ഭേദഗതിക്കും ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃത ടാക്സികൾ യാത്രയ്ക്ക് ഉപയോഗിക്കരുതെന്ന് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾ ലംഘിക്കപ്പെടുന്നതിനാലാണ് നിയമം കർശനമാക്കുന്നത്.