കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഎം-സിപിഐ പോരിനു കളമൊരുക്കി സിപിഎം വിട്ടവര്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐയില്‍ ചേര്‍ന്നു. അറുന്നൂറോളം സിപിഎം പ്രവര്‍ത്തകരാണ് സിപിഐയില്‍ ചേര്‍ന്നത്. സിപിഎം ശക്തികേന്ദ്രമായ ഉദയം പേരൂരിലാണ് പാര്‍ട്ടിയിലെ ശക്തമായ വിഭാഗീയത.
എതിര്‍പ്പുകള്‍ അവഗണിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എത്തിയാണ് സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് ചേക്കേറിയവരെ സ്വീകരിച്ചത്. സിപിഎമ്മിനുള്ളില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ ഉദയംപേരൂരിലാണ് അറുന്നൂറോളം പ്രവര്‍ത്തകര്‍ സിപിഐ സഹയാത്രികരായത്. ഇത് സിപിഎം-സിപിഐ ശീതസമരത്തിനും വഴിയൊരുക്കും.
സിപിഎം വിട്ടവര്‍ കോണ്‍ഗ്രസിലോ ബിജെപിയിലോ ചേരുന്നത് മാറണമെന്നും ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
കൂടുതല്‍ സിപിഎം അനുഭാവികളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ സിപിഐ ശ്രമം ആരംഭിച്ചതോടെ ഈ മേഖലയില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരിനു കളമൊരുങ്ങി.