ന്യൂഡൽഹി: തുർക്കിയിലെ ട്രാബ്സോണിൽ നടന്ന ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ പോയ ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിൽ മടങ്ങിയെത്തി. 13 മലയാളികളടക്കം 44 പേരടങ്ങുന്ന സംഘമാണ് തിരിച്ചെത്തിയത്.
148 മത്സരാർത്ഥികളടക്കം 186 പേരടങ്ങുന്ന സംഘമാണ് ലോക സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ട്രാബ്സോണിൽ എത്തിയത്. തുർക്കിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇന്ത്യൻ സംഘം സുരക്ഷിതരാണെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ട്രാബ്സോണിൽ നിന്നും ഇസ്താംബൂൾ വഴിയാണ് ആദ്യ സംഘം ഡൽഹിയിൽ മടങ്ങിയെത്തിയത്.
അങ്കാറയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ കുൽശ്രേഷ്ഠ് ടീം ഉദ്യോഗസ്ഥരുമായി ശനിയാഴ്ച രണ്ടു തവണ ചർച്ച നടത്തിയിരുന്നു. ഭാരതത്തിന്റെ താരങ്ങൾ സുരക്ഷിതരാണെന്ന് അവർ ഉറപ്പു നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.