ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ വിവിധ പാര്‍ട്ടികളെ കൂടി പ്രതിനീകരിക്കുന്നുവെങ്കിലും ദേശീയ താത്പര്യത്തിന് മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലാണ് രാജ്യതാല്പര്യത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. സുപ്രധാനമായ ചരക്കു സേവന നികുതി ഭേദഗതി ബില്ല് ഈ സമ്മേളനത്തില്‍ ഏക സ്വരത്തില്‍ പാസ്സാക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍ ആരംഭിക്കും. ആഗസ്റ്റ് ഇരുപതിനാണ് ഈ സമ്മേളനം പൂര്‍ത്തിയാകുക. സമ്മേളനത്തിനു മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി ആനന്ദ് ശര്‍മ്മ ഇന്നു വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം എല്ലാ പാര്‍ട്ടികളുടേയും നേതാക്കള്‍ പങ്കെടൂത്തു.
താനടക്കമുള്ള ജനപ്രതിനിധികള്‍ വിവിധ പാര്‍ട്ടികളെ കൂടി പ്രതിനിധീകരിക്കുന്നുവെങ്കിലും അതിനേക്കാളുപരി ദേശീയ താല്പര്യത്തിന് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സുപ്രധാനമായ ചരക്കു സേവന നികുതി ബില്‍ അടക്കം പാര്‍ലമെന്റ് പാസ്സാക്കാനുണ്ട്, ക്രിയാത്മകമായ ചര്‍ച്ചയാണ് പാര്‍ലമെന്റില്‍ പ്രതീക്ഷിക്കുന്നതെന്നും മോദി യോഗത്തില്‍ പറഞ്ഞു. ചരക്കു സേവന നികുതി ഭേദഗതി ബില്ല് ഈ സമ്മേളനത്തില്‍ ഭൂരിപക്ഷാഭിപ്രായത്തിനു പുറമേ ഏക സ്വരത്തില്‍ പാസ്സാക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു യോഗത്തിനു ശേഷം വ്യക്തമാക്കി.
ചരക്കു സേവന നികുതി ബില്‍ പാസ്സാക്കുന്നതിന്റെ ക്രഡിറ്റ് ഏതു സര്‍ക്കാറിനു ലഭിക്കുമെന്നതല്ല രാജ്യത്തിനാണ് അതിന്റെ ഗുണമെന്നും ഭരണപക്ഷ എം.പി മാര്‍ യോഗത്തില്‍ നിലപാടെടുത്തു. എല്ലാപാര്‍ട്ടി നേതാക്കാളും അനുകൂലമായാണ് പ്രതികരിച്ചതെന്നും പാര്‍ലമെന്റിനകത്തും സഹകരണം പ്രതീക്ഷിക്കുന്നതായും പാര്‍ലമെറ്ററി കാര്യമന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു. ആഗസ്റ്റ് ഇരുപതിനാണ് ഈ സമ്മേളനം പൂര്‍ത്തിയാകുക.