ദുബായ്: പരിപൂര്‍ണ്ണ ‘സ്മാര്‍ട്ട് നഗരം’ എന്ന ഖ്യാതിയിലേക്ക് അതിവേഗം കുതിക്കുന്ന ദുബായില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് ‘സ്മാര്‍ട്ട് ഷെല്‍ട്ടറുകളില്‍’ ബസ് കാത്തിരിക്കാം. ജനങ്ങള്‍ക്കിടയില്‍ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരുക്കിയ ബസ് സ്റ്റോപ്പുകളില്‍ സൗജന്യ വൈഫൈയും, ബാങ്ക് ഇടപാട് നടത്താനുള്ള സൗകര്യവുമടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ദുബായ് നഗരത്തിലെ ബസ് ഷെല്‍ട്ടറുകളാണ് ഒരു ചെറിയ ആധുനിക സൂപ്പര്‍മാര്‍ക്കറ്റിനെ അനുസ്മരിപ്പിക്കും വിധം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. സൗജന്യ വൈഫൈ, മിനി മാര്‍ട്ട്, ഫോണ്‍ ചാര്‍ജിംഗ് സ്പോട്ട് തുടങ്ങി ബാങ്ക് ഇടപാടുകള്‍ നടത്താനും, വൈദ്യുതി ബില്ലുകള്‍ അടക്കാനും, നാട്ടിലേക്ക് പണമയക്കാനും വരെയുള്ള സൗകര്യം യാത്രക്കാര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിന്റെ ഭാഗമായി 100 സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകളാണ് ദുബായ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ളത്. സേവനം തൃപ്തികരമെന്നു കണ്ടാല്‍ ദുബായിലെ 15 ജില്ലകളിലായി 400 സ്മാര്‍ട്ട് ബസ് സ്റ്റോപ്പുകള്‍ കൂടി സ്ഥാപിക്കുമെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി CEO അബ്ദുള്ള യൂസഫ് അല്‍ അലി പറഞ്ഞു.
സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി 2015 ല്‍ ദുബായില്‍ നടന്ന ജൈട്ടെക്സിലാണ് ആദ്യമായി അവതരിപ്പിച്ചത്. ദിനംപ്രതി വാഹനത്തിരക്കേറുന്ന ദുബായിലെ നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ ഇത്തരം സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഒരുക്കുന്നത്.