കണ്ണൂർ: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരേ വധഭീഷണിയുമായി ഫേസ്ബുക്ക് പോസ്റ്റ്. കെ.ടി.ജയകൃഷ്ണൻ മാസ്റ്ററെ ഉദാഹരണമായി എടുത്തു കാട്ടിയാണ് വധഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ജയകൃഷ്ണൻ മാസ്റ്ററായി കെ.സുരേന്ദ്രൻ മാറുമെന്ന് ഭീഷണിയിൽ പറയുന്നു.
സി.പി.എം പ്രവർത്തകർ ക്ലാസ്സ് മുറിയിൽ കയറി പിഞ്ചു കുഞ്ഞുങ്ങൾ നോക്കി നിൽക്കേ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ജയകൃഷ്ണൻ മാസ്റ്ററെ. ഈ നീചമായ കൊലപാതകം ചെയ്തവരെ ‘കണ്ണിന്റെ കണ്ണായ കണ്ണൂരിന്റെ ആൺകുട്ടികൾ‘ എന്നു പ്രശംസിക്കുന്നുമുണ്ട് ‘ശ്രീനാഥ് തിലക് റെഡ്സ്‘ എന്ന ഐ.ഡിയിൽ നിന്നും ‘സി.പി.ഐ.എം സൈബർ പോരാളികൾ‘ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഭീഷണിയിൽ. ‘പി.ടി.വിജയ് ഘോഷ് ലെഫ്റ്റ്‘ എന്ന മറ്റൊരു ഫേസ്ബുക്ക് പ്രൊഫൈലുമായി ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റ് പ്രത്യക്ഷമായിരിക്കുന്നത്.
“സുരേന്ദ്രാ മറക്കണ്ട നീ ഇതൊന്നും. നിനക്കും വരും ഇതുപോലൊരു കാലം“ എന്ന് ജയകൃഷ്ണൻ മാസ്റ്ററുടെ കാര്യം എടുത്തു പറഞ്ഞു കൊണ്ട് മുഴക്കിയിരിക്കുന്ന ഭീഷണി അവസാനിക്കുന്നത് “കണ്ണൂർ സഖാക്കളേ കാത്തിരിക്കുന്നു ഞങ്ങൾ ഒരു ശുഭവാർത്തയ്ക്കായി“ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ്.
കണ്ണൂരിൽ സംഘർഷാവസ്ഥ പുകയുന്ന നിലവിലെ അവസ്ഥയിൽ ഈ ഭീഷണി ഗൗരവമുള്ളതായി വിലയിരുത്തപ്പെടുന്നു.