കോട്ടയം: വര്‍ഷങ്ങളായി ശോച്യാവസ്ഥയില്‍ തുടരുന്ന കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയോട് അധികാരികളുടെ അനാസ്ഥ. കാലപ്പഴക്കം ഏറെയുള്ള കെട്ടിടത്തിന് ചുറ്റും കാണാനാകുന്നത് കെട്ടിക്കിടക്കുന്ന മലിനജലമാണ്. ഇടിഞ്ഞുവീഴാറായ ആശുപത്രിയില്‍ ഭീതിയോടെയാണ് രോഗികള്‍ എത്തുന്നത്.
കോട്ടയം നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിക്ക് ദുരിതകാലം ആരംഭിച്ചിട്ട് കാലങ്ങളായി. ആശുപ്രത്രിയേക്കുറിച്ചുള്ള പരാതികള്‍ക്കും എറെ കാലപ്പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ക്കായിട്ടില്ല. ആശുപത്രിയും പരിസര പ്രദേശങ്ങളും കണ്ടാല്‍ ജില്ലാ നിലവാരമുള്ള ആശുപത്രിയെന്ന് വിശ്വസിക്കാനാവില്ല.
ഇടിഞ്ഞുവീഴാറായ അഞ്ച് മുറികളും ഒരു വരാന്തയുമുള്ള കെട്ടിടത്തില്‍ രോഗികള്‍ക്ക് നിന്നുതിരിയാന്‍ ഇടമില്ല. ആശുപത്രിക്ക് ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ ദുര്‍ഗന്ധവും ഇവിടെയെത്തുന്ന രോഗികള്‍ അനുഭവിക്കണം. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലും ഈ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഇല്ല. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എത്തുന്ന രോഗികളില്‍ കിടത്തി ചികിത്സ ആവശ്യമായവരും ഉണ്ട്. എന്നാല്‍ സ്ഥലപരിമിതി മൂലം അധികൃതര്‍ അതിന് തയ്യാറാകുന്നില്ല.
ചുരുക്കത്തില്‍ ജില്ലാ ഹോമിയോ ആശുപത്രിയെന്ന പദവി ഒരു അലങ്കാരം മാത്രമാണെന്ന് പറയാം. 2013ല്‍ നഗരമധ്യത്തില്‍ത്തന്നെ പുതിയ കെട്ടിടത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിന്നു. എന്നാല്‍, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇതേവരെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. അധികാരികളുടെ അനാസ്ഥ മാറ്റിവച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആശുപത്രി അവിടേക്ക് മാറ്റെണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.