തിരുവനന്തപുരം: 2016ലെ അടൂർ ഭാസി പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് വിതരണം ചെയ്തു. മികച്ച ടെലിവിഷൻ അവതാരകനുളള പുരസ്കാരം ജനം ടി.വി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ്.ജി.പിളള ഏറ്റുവാങ്ങി.
അന്തരിച്ച അനശ്വരനടൻ അടൂർ ഭാസിയുടെ സ്മരണാർത്ഥം, അടൂർ ഭാസി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ അവാർഡുകളാണ് വിതരണം ചെയ്തത്. ജനം ടിവി സംപ്രേഷണം ചെയ്തു വരുന്ന ‘നിലപാട്‘ എന്ന അഭിമുഖ പരിപാടിയുടെ അവതരണമാണ് രാജേഷ്.ജി.പിളളയെ പുരസ്കാരത്തിന് അർഹനാക്കിയത്. എ.സമ്പത്ത് എം.പി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം നഗരസഭാ മേയർ വി.കെ.പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, കടന്നപ്പളളി രാമചന്ദ്രൻ, നടൻ മധു, മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ ജി.മാധവൻ നായർ, കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ, ബി.ജെ.പി ദേശീയ സമിതിയംഗം കരമന ജയൻ, പുരസ്കാരനിർണയസമിതി ചെയർമാൻ ബി.ഹരികുമാർ, ജി.എസ്.പ്രദീപ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.