ന്യൂഡൽഹി : ബ്രെഡിൽ ചേർക്കുന്ന രാസവസ്തു പൊട്ടാസ്യം ബ്രോമേറ്റ് ഇന്ത്യയിൽ നിരോധിച്ചു. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് നടത്തിയ പഠനത്തിൽ പൊട്ടാസ്യം ബ്രോമേറ്റ് കാൻസറിനു കാരണമാകുമെന്ന് തെളിഞ്ഞതോടെയാണ് നടപടി.
ബ്രെഡിൽ ചേർക്കുന്ന മറ്റൊരു രാസവസ്തുവായ പൊട്ടാസ്യം അയോഡേറ്റിനെ പറ്റി പഠനം നടത്താൻ ഫുഡ് സേഫ്റ്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷണ വസ്തുക്കളിൽ ചേർക്കാൻ അനുവാദമുള്ള രാസവസ്തുക്കളുടെ പട്ടികയിൽ നിന്ന് പൊട്ടാസ്യം ബ്രോമേറ്റിനെ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു.
രാജ്യത്ത് ലഭിക്കുന്ന 38 ഓളം തരം ബ്രെഡുകളിൽ 84 ശതമാനത്തിലും പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഇത് മിക്ക രാജ്യങ്ങളിലും നിരോധിച്ചവയാണ്. അപകടകരമാണെന്ന് കണ്ടെത്തിയതോടെ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കില്ലെന്ന് ബ്രെഡ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു.