ന്യൂഡൽഹി : ചരക്കു സേവന നികുതി ബിൽ തമിഴ് നാട് ഒഴികെ മറ്റ് സംസ്ഥാനങ്ങൾ തത്വത്തിൽ അംഗീകരിച്ചതായി ധനമന്ത്രി അരുൺ ജെറ്റ്ലി. ചില ഭേദഗതികൾ തമിഴ്നാട് നിർദ്ദേശിച്ചിട്ടുണ്ട് .സംസ്ഥാന ധനമന്ത്രിമാരുടെ പ്രത്യേക സമ്മേളനത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
2016 ഏപ്രിൽ ഒന്നു മുതൽ ജി എസ് ടി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും ബിൽ രാജ്യസഭയിൽ പാസാകാത്തതിനാൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല . പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ എതിർപ്പാണ് ബിൽ പാസാക്കുന്നതിനെ തടഞ്ഞത് . ഭൂരിപക്ഷം സംസ്ഥാനങ്ങളും ബിൽ അംഗീകരിച്ചതിനെ തുടർന്ന് ഈ വർഷകാല സമ്മേളനത്തിൽ ബിൽ പാസാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു.
22 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.