ദുബായ്: ദുബായിൽ ഉയരാന്‍ പോകുന്ന ‘ദി ടവര്‍’ എന്ന കെട്ടിടത്തിന്റെ ഉയരം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ 100 മീറ്റർ കൂടുതലായിരിക്കുമെന്ന് വെളിപ്പെടുത്തി അധികൃതര്‍. ദുബായുടെ വിസ്മയമാകുന്ന ‘ദി ടവറി‘ ന്റെ നിര്‍മ്മാണം അടുത്ത മാസം ആരംഭിച്ച് വേള്‍ഡ് എക്സ്പോ 2020 നു മുന്‍പ് പൂര്‍ത്തിയാക്കും.
ദുബായ് റാസര്‍ഖൂറിലെ പക്ഷി സങ്കേതത്തോട് ചേര്‍ന്ന് ആറ് ചതുരശ്ര കിലോമീറ്ററിൽ വികസിപ്പിക്കുന്ന, ദുബായ് ക്രീക്ക് ഹാര്‍ബറിനെ കേന്ദ്രീകരിച്ചായിരിക്കും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകാന്‍ പോകുന്ന ‘ദി ടവര്‍ ‘ നിർമ്മിക്കുക. 828 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം. ബുര്‍ജ് ഖലീഫയെക്കാൾ ഉയരം കൂടിയ കെട്ടിടമായിരിക്കും ‘ദി ടവര്‍ ‘ എന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കൃത്യമായ ഉയരം വെളിപ്പെടുത്തിയിരുന്നില്ല.
ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ദുബായ് ഡൗണ്‍ടൗണിനെക്കാള്‍ ഇരട്ടി വലുപ്പമുള്ളതാകും ‘ദി ടവര്‍’ നിര്‍മ്മിക്കുന്ന പദ്ധതി പ്രദേശം. ദുബായ് നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച സാധ്യമാകുന്ന നിരീക്ഷണ തട്ടും തൂങ്ങിക്കിടക്കുന്ന പൂന്തോട്ടവും ബോട്ടിക് ഹോട്ടലും എല്ലാം ‘ദി ടവര്‍’ല്‍ ഉണ്ടാകും.
കെട്ടിടത്തിന്റെ താഴത്തെ 20 നിലകളിൽ വാണിജ്യ കേന്ദ്രങ്ങളും മുകൾ നിലകളിൽ പഞ്ച നക്ഷത്ര ഹോട്ടലുകളുമാണ് നിർമ്മിക്കുക. ബുര്‍ജ് ഖലീഫയില്‍ നിന്ന് വ്യത്യസ്തമായി ‘ദി ടവറി’ല്‍ ഓഫിസുകളോ താമസ കേന്ദ്രങ്ങളോ ഉണ്ടാകില്ല. ലില്ലി പൂമോട്ടിന്റെ മാതൃകയിൽ ഇസ്ലാമിക വാസ്തു ചാരുതയോടെയാണ് സ്പാനിഷ്- സ്വിസ് ആര്‍ക്കിടെക്റ്റായ സാന്റിയാഗോ കലാവട്ര ‘ദി ടവര്‍‘ രൂപകല്പന ചെയ്തിട്ടുള്ളത്.
100 കോടി ഡോളറാണ് ‘ദി ടവറി‘ ന് പ്രതീക്ഷിക്കുന്ന നിർമ്മാണച്ചിലവ്.