ന്യൂഡൽഹി : ഇന്ത്യയിലെ പ്രധാന നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഉൾപ്പെടുത്താനുള്ള ഗൂഗിളിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയം തള്ളി . രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ മന്ത്രാലയം ഗൂഗിളിന്റെ ആവശ്യം തള്ളിയത്.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ , പ്രധാന നദികൾ , നഗരങ്ങൾ , മലകൾ എന്നിവയെ 360 ഡിഗ്രിയിൽ മാപ്പിൽ ഉൾപ്പെടുത്തുന്നതായിരുന്നു സ്ട്രീറ്റ് വ്യൂ പദ്ധതി. ഇത് മുംബൈയിൽ നടത്തിയത് പോലുള്ള ആക്രമണങ്ങൾ നടത്താൻ ഭീകരർക്ക് സഹായകരമാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
2007 ലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ പദ്ധതി ആരംഭിച്ചത് . ഇത് അംഗീകരിച്ചാൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവർക്കും ഒരു രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളടക്കമുള്ളവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭിക്കും. ഇന്ത്യയെപ്പോലെ അതിർത്തി കടന്നുള്ള തീവ്രവാദ ഭീഷണി നേടുന്ന രാജ്യങ്ങൾക്ക് ഇത് വലിയൊരു സുരക്ഷാ ഭീഷണിയാണ്.
സ്ട്രീറ്റ് വ്യൂവിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ ഗൂഗിൾ കുറെ നാളായി അപേക്ഷ നൽകിയിരുന്നു. എന്നാൽ സുരക്ഷാ ഏജൻസികളുടേയും പ്രതിരോധ മന്ത്രാലയത്തിന്റെയും വിശദമായ പഠനത്തിന് ശേഷമാണ് അപേക്ഷ നിരസിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.