വാഷിംഗ്ടൺ : ആഗോള വികസനത്തിന് കുതിപ്പേകുന്ന പുത്തൻ യന്ത്രമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ലോകരാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, പുത്തൻ ശക്തിയായി ഉയരുന്ന ഭാരതത്തിന് അനേകം സംഭാവനകൾ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും കരുത്തുറ്റ വിപണികളിലൊന്നാണ് ഇന്ത്യ. വാഷിംഗ്ടണിൽ ഇന്ത്യ-അമേരിക്ക ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-അമേരിക്ക സഹകരണം വരുനാളുകളിൽ കൂടുതൽ ശക്തിപ്പെടുമെന്നും, ഇതിനായി അമേരിക്കയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം അഴിമതിക്കെതിരെ ശക്തമായ നടപടികളെടുത്തത് പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശേഷിയുള്ളതാണ് അഴിമതിയെന്നും അതിനെ തടയാൻ കഴിഞ്ഞത് സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ ലോകത്തെ മാറ്റുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.