നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ഭവന വാഹന വ്യക്തിഗത വായ്പാ നിരക്കിൽ മാറ്റമുണ്ടാകില്ല.
പ്രതീക്ഷിച്ചിരുന്ന പോലെ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്താതെയാണ് RBI പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് നിരക്ക് നിലവിലെ 6.5 ശതമാനത്തിലും റിവേഴ്സ് റിപ്പോനിരക്ക് നിരക്ക് നിലവിലെ 6 ശതമാനത്തിലും തുടരും. 4ശതമാനമാണ് കരുതൽ ധനാനുപാത നിരക്ക്.
പണപ്പെരുപ്പം നിയന്ത്രിക്കുകയെന്നതാണ് RBI യുടെ മുഖ്യ പരിഗണനയെന്ന് പുതിയ വായ്പാനയം പ്രഖ്യാപിച്ചുകൊണ്ട് രഘുറാം രാജൻ പറഞ്ഞു. 2017 മാർച്ചോടെ പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. പിന്നീട് ഇത് 4ശതമാനമാക്കി കുറയ്ക്കാനും RBI ലക്ഷ്യമിടുന്നു.
രാജ്യത്തിന്റെ ആഭ്യന്തര ഉദ്പാദന നിരക്ക് വൻ വളർച്ച നേടിയ സാഹചര്യത്തിലും നിരക്ക് കുറയ്ക്കാതിരിക്കാൻ RBIയെ പ്രേരിപ്പിച്ചത് പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച ആശങ്കയാണ്. ഉപഭോക്ത സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പന നിരക്ക് ഏപ്രിലിൽ 5.39 ശതമാനമായാണ് ഉയർന്നത്.
മൺസൂൺ ഏങ്ങനെയാകുമെന്ന് കാക്കുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ ഇടപെടലുണ്ടാകുമെന്നും രഘുറാം രാജൻ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയ്ക്ക് ശേഷം പലിശ നിരക്കിൽ ഒന്നര ശതമാനത്തിന്റെ കുറവാണ് RBI വരുത്തിയത്. എന്നാൽ ബാങ്കുകൾ നിരക്കുകളിൽ 6.5 ശതമാനത്തിന്റെ കുറവ് മാത്രമാണ് വരുത്തിയത്.
സെപ്റ്റംബറിൽ കാലാവധി അവസാനിക്കുന്ന രഘുറാം രാജൻ RBI ഗവർണർ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും ധനമന്ത്രിയും തീരുമാനമെടുക്കുമെന്ന് അദ്ദേഹം മറുപടി നൽകി.