കോട്ടയം: നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതു മൂലം കോട്ടയത്തെ പ്രധാന റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമാവുന്നു. ഗതാഗതക്കുരുക്കും, അപകടങ്ങളും പതിവാകുകയാണ്. കെഎസ്ടിപിയുടെ അറ്റകുറ്റപ്പണികള്‍ മൂലം എംസി റോഡിനു സമീപത്തുള്ള വീടുകളിലും ഓഫീസുകളിലും ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളും താറുമാറായിരിക്കുകയാണ്.
മഴക്കാലം തുടങ്ങും മുമ്പ് എംസി റോഡിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അങ്ങനെയുണ്ടായില്ല. എംസി റോഡിലൂടെ നടത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍ ദുരിതയാത്രതന്നെയാണ്. ഏറ്റുമാനൂര്‍ മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള ഭാഗത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത്. മഴക്കാലം ആരംഭിച്ചതോടെ റോഡുകളില്‍ വെള്ളക്കെട്ടുകളാണ്, ഒപ്പം അപകട പരമ്പരയും. സമീപപ്രദേശങ്ങളിലെ വീടുകളിലും ഓഫീസുകളിലും ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ഇല്ലാതായിട്ട് മാസം ഒന്നു കഴിഞ്ഞു. നാട്ടുകാര്‍ പരാതി പറഞ്ഞു മടുത്തു.
നഗരത്തിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ വാഹനങ്ങള്‍ മറ്റു റോഡുകള്‍ വഴി തിരിച്ചുവിട്ടപ്പോള്‍ അവിടെയും അവസ്ഥ വ്യത്യസ്ഥമല്ല. നവീകരണം പൂര്‍ത്തിയാക്കിയ ചില ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് വീണ്ടും വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നു. എംസി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി റോഡുകളുടെ പണി പൂര്‍ത്തിയാക്കുമ്പോള്‍ അതിന്റെ അവകാശം ഏറ്റെടുക്കാന്‍ എത്തുന്ന എംല്‍എ ഉള്‍പ്പടെ ആരെയും ഇവിടെ കാണുന്നില്ല.