തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. ലോക്നാഥ് ബെഹറയാണ് പുതിയ ഡി.ജി.പി. പുതിയ വിജിലൻസ് ഡയറക്ടറായിജേക്കബ് തോമസിനെ നിയമിച്ചു.
സെൻകുമാറിന് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻസ് കോർപറേഷൻ എം.ഡിയായാണ് നിയമനം. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാത്രി വൈകി ഒപ്പുവെച്ചു. ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റതിനേത്തുടർന്ന് പൊലീസ് ആസ്ഥാനത്ത് നടത്തുന്ന ആദ്യ സമഗ്ര അഴിച്ചുപണിയാണിത്. അതേസമയം, പുതിയ പദവി ടി.പി സെൻകുമാർ ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന.