കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേർ സ്വയം പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു. കോടതി ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനത്തിനു സമീപം ചെന്ന് ഇയാൾ ബോംബ് പ്രവർത്തിപ്പിക്കുകയായിരുന്നു.
നഗരത്തിന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ, രാവിലെ ആൾത്തിരക്കു കൂടുതലുള്ള സമയത്തായിരുന്നു സ്ഫോടനം. കോടതി ഉദ്യോഗസ്ഥരും, സാധാരണക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതു വരെ ആരും ഏറ്റെടുത്തിട്ടില്ല. ശനിയാഴ്ച താലിബാൻ നേതാവ് മുല്ല അക്തർ മൻസൂർ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ഈ സംഭവം.