മധ്യപ്രദേശ്: ഉജ്ജയിനിയില്‍ കുംഭമേളയ്ക്കിടെ ഉണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും 10 പേര് മരിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് മഹാ കാലേശ്വര് ക്ഷേത്രത്തിനു സമീപത്തെ താത്കാലിക ആശ്രമം തകര്‍ന്നു വീണതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ പെട്ടവര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ഇന്നലെ രാത്രിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തിനു സമീപം താത്കാലിലമായി തയ്യാറാക്കിയ ആശ്രമം തകര്‍ന്നു വീണതാണ് അപകടത്തിനിടയായത്. 90 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ഒരാള്‍ മരിച്ചത്.
അപകടമുണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായതോടെ രൂപപ്പെട്ട തിക്കിലും തിരക്കിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ 5 ലക്ഷം രൂപയും ഇന്‍ഷൂറന്‍സ് തുകയായ 2 ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് പ്രഖ്യാപിച്ചു.
അപകടത്തെ തുടര്‍ന്ന് കുംഭമേളാ നഗരിയിലെ ആശ്രമങ്ങളുടേയും പന്തലുകളുടെയും സുരക്ഷ പുനപരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. തകര്‍ന്ന ആശ്രമങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. മംഗള്‍നാഥ് മേഖലയില്‍ താമസിച്ചിരുന്ന 100 ഓളം ഭക്തരുടെ ടെന്റുകളും മഴയില്‍ ഒലിച്ചു പോയിട്ടുണ്ട്.