ദുബായ്: യു.എ.ഇയിലെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന ഈ പദ്ധതി 2017ല്‍ ആരംഭിച്ച് 2021ഓടെ രാജ്യത്തെ മുഴുവന്‍ അധ്യാപകരെയും ലൈസന്‍സ് സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരുവാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ലൈസന്‍സ് സംവിധാനം 2021 ഓടെ പൂര്‍ണമായും നടപ്പാക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന് അല്‍ ഹമ്മാദി അറിയിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ അധ്യാപകരെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടു വരും. യു.എ.ഇയിലെ വിവിധ വിദ്യാഭ്യാസ വകുപ്പുകളെ ക്രോഡീകരിച്ചുകൊണ്ടാകും പദ്ധതി നടപ്പിലാക്കുക. ഇതിനായി ദേശീയതലത്തില്‍ പരീക്ഷ നടത്തി ഇതില്‍ വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കും.
രാജ്യത്തെ സര്‍ക്കാര്‍സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ക്ളസ്റ്റര്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കെല്ലാം ലൈസന്‍സ് നിര്‍ബന്ധമായിരിക്കും. ബിരുദമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍, കെ.എച്ച്. ഡി.എ, അബുദാബി സെന്റര്‍ ഫോര്‍ ടെക്നിക്കല്‍ ആന്റ് വൊക്കേഷനല്‍ എജുക്കേഷന്‍ ആന്റ് ട്രെയിനിങ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ടെക്നോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പരീക്ഷക്ക് അധ്യാപകരെ സജ്ജരാക്കാന്‍ സര്‍വകലാശാലക്ക് കീഴില്‍ പ്രത്യേക പരിശീലനവും ഏര്‍പ്പെടുത്തും.