ന്യൂഡൽഹി : റിയോ ഒളിമ്പിക്സിന്റെ ഗുഡ് വിൽ അംബാസഡറാകാനുള്ള ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ ക്ഷണം സച്ചിൻ ടെണ്ടുൽക്കർ സ്വീകരിച്ചു. ബോളിവുഡ് താരം സൽമാൻ ഖാനും ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയ്ക്കും ശേഷം സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയ്ക്ക് വേണ്ടി ബ്രാൻഡ് അംബാസഡറാകുമെന്ന് ഇതോടെ ഉറപ്പായി.
സച്ചിൻ ടെണ്ടുൽക്കർ ക്ഷണം സ്വീകരിച്ചെന്ന് ഐ ഒ എ സെക്രട്ടറി രാജീവ് മേത്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗുഡ് വിൽ അംബാസഡർമാരുടെ പ്രവർത്തനങ്ങൾ രാജ്യത്തെ കായിക രംഗത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന് മേത്ത പ്രത്യാശ പ്രകടിപ്പിച്ചു. സച്ചിനെപ്പോലൊരു കായികതാരത്തെ അംബാസഡറായി ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും മേത്ത വ്യക്തമാക്കി.
സൽമാനു ശേഷം അഭിനവ് ബിന്ദ്ര, എ ആർ , റഹ്മാൻ സച്ചിൻ എന്നിവരെയാണ് അസോസിയേഷൻ സമീപിച്ചത് . ഇതിൽ റഹ്മാൻ ഇതുവരെ അഭിപ്രായം അറിയിച്ചിട്ടില്ല .രാജ്യത്ത് പുതിയ കായിക സംസ്കാരം വളർത്തിയെടുക്കാൻ ഗുഡ് വിൽ അംബാസഡർമാർ സഹായിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും മേത്ത കൂട്ടിച്ചേർത്തു.