പാലക്കാട്: ഒരാഴ്ചയായി പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായി ചൂട് 41 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍. മലബാറിലെ മിക്ക ജില്ലകളിലും താപനില ഉയരുകയാണ്. വേനല്‍മഴ ലഭിക്കാത്തതും കടുത്ത വരള്‍ച്ചയ്ക്കു കാരണമാകുന്നു.
മെയ് മാസത്തിലും കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. വടക്കന്‍ കേരളത്തിലാണ് പ്രധാനമായും ചൂട് കനക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് താപം. നാലു ദിവസം മുന്‍പ് റെക്കോര്‍ഡ് ചൂടായ നാല്പ്പത്തിരണ്ടിലേക്കെത്തിയിരുന്നു.
ചൂട് വര്‍ദ്ധിച്ചതോടെ കടുത്ത വരള്‍ച്ചയാണ് നേരിടുന്നത്. ഒപ്പം സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു. പാലക്കാട് ജില്ലയില്‍ ഈ വര്‍ഷം സൂര്യാതാപമേറ്റ് മരിക്കുന്നവരുടെ എണ്ണം മൂന്നായി. മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികളെയും സൂര്യതാപം ബാധിക്കുന്നുണ്ട്. നിരവധി കന്നുകാലികള്‍ സൂര്യാതാപം മൂലം ചാവുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനു പരിഹാരം കാണാനാകാതെ വലയുകയാണ് ഉടമസ്ഥര്‍.
പാലക്കാടിനു പുറമേ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും കനത്ത ചൂട് തുടരുന്നു. നിരവധി മനുഷ്യര്‍ ചൂട് കാരണം കുഴഞ്ഞു വീഴുന്നതായും റിപ്പോര്‍ട്ടുണ്ട്. പാലക്കാട് ജില്ലയില്‍ തൊഴില്‍ സമയ ക്രമീകരണം മെയ് 15 വരെ നീട്ടി. നേരത്തെ ഏപ്രില്‍ മുപ്പതുവരെയായിരുന്നു ക്രമീകരണം. പകല്‍ 11 മുതല്‍ ഉച്ചക്കു മൂന്നുവരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമ സമയം. ചൂട് ഉയര്‍ന്നതോടെ വടക്കന്‍മേഖലകളിലെ മിക്ക ജില്ലകളിലും കടുത്ത ജലക്ഷാമവും തുടങ്ങി. കുടിവെള്ളം വിതരണം ചെയ്യുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ, പറമ്പിക്കുളം ഡാമുകളിലെല്ലാം ക്രമാതീതമായി ജലനിരപ്പു താഴ്ന്നു. ഈ നില തുടര്‍ന്നാല്‍ കടുത്ത ജലക്ഷാമമാകും ജില്ല അനുഭവിക്കുക.