ഹൈദരാബാദ്: ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്‘ എന്ന റിയാലിറ്റി ഷോയിൽ ചേരാൻ പരിശീലിക്കുന്നതിനിടെ പത്തൊൻപതു കാരൻ പൊളളലേറ്റു മരിച്ചു. ജലീലുദ്ദീൻ ആണ് മരിച്ചത്.
കൂട്ടുകാരോട് വീഡിയോ പിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ആദ്യം വായിൽ മണ്ണെണ്ണയൊഴിച്ച് തീയിലേക്കു തുപ്പി പരിശീലിക്കുകയായിരുന്നു. തുടർന്ന് ജലീലുദ്ദീൻ, സ്വന്തം ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഹൈദരാബാദ് അസിസ്റ്റന്റ് കമ്മീഷണർ മൊഹമ്മദ് അബ്ദുൾ ബാരി പറഞ്ഞു.
ജലീലുദ്ദീൻ ഇത്തരം സാഹസികപ്രകടനങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുളളയാളല്ല. വീട്ടുകാർക്ക് ഇതേക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. രംഗം വഷളായതോടെ കൂട്ടുകാർ പരിഭ്രാന്തരായി ഓടി; കമ്മീഷണർ കൂട്ടിച്ചേർത്തു. ഉടൻ തന്നെ ഒസ്മാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊളളലേറ്റിരുന്നതിനെ തുടർന്ന് ഇന്നലെ മരിക്കുകയായിരുന്നു. താൻ സ്വയം ചെയ്തതാണിതെന്നും, മറ്റാർക്കും പങ്കില്ലെന്നും, ജലീലുദ്ദീൻ മജിസ്ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്.