കുട്ടികളും മുതിർന്നവരും ഒരുപോലെ കാത്തിരുന്ന ജംഗിൾ ബുക്ക് ത്രീഡി ചിത്രത്തിന് തിയേറ്ററുകളിൽ വൻ സ്വീകരണം . 1967ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രത്തിന്റെ റീമേക്കാണ് ദൃശ്യവിസ്മയമായി എത്തിയ ജംഗിൾ ബുക്ക് 3ഡി .
നൊസ്റ്റാൾജിയയ്ക്ക് ഹരം പകരുന്ന ചില ഓർമ്മകളിലൊന്ന് . ടോം ആൻഡ് ജെറിയും ഡ്രാഗൺ ബോൾ-സിയും ഇന്നത്തെ കുട്ടികൾക്ക് പ്രിയപ്പെട്ട കാർട്ടൂണുകളാണെന്നത് പോലെ 90കളിലെ കുട്ടികളുടെ ഹീറോ ആയിരുന്നു കാട്ടിലെ ഈ വീരൻ . ഇന്ന് ,വിസ്മയക്കാഴ്ചകളൊരുക്കി ജംഗിൾ ബുക്കിന്റെ ത്രീഡി ചിത്രം പുറത്തിറങ്ങിയപ്പോൾ , അൽപ്പം പേടിപ്പെടുത്തുന്നു എന്നതൊഴിച്ചാൽ സിനിമയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം .
അയൺ മാൻ ഒരുക്കിയ ജോൺ ഫാവ്റോവിന്റെ സംവിധാനമികവിൽ ഇന്ത്യൻ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമ .. ലോസ് ആഞ്ചൽസിലെ സ്റ്റുഡിയോയിലാണ് മധ്യപ്രദേശിലെ വനം പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ നീൽ സേഥിയാണ് സിനിമയിൽ മൗഗ്ലിയായി എത്തുന്നതെന്നതാണ് പ്രത്യേകത .ബഗീരയ്ക്കും ഷേർഖാനും ബാലുവിനും ശബ്ദം നൽകിയിരിക്കുന്നത് ഹോളിവുഡ് താരങ്ങളും . ഗ്രാഫിക്സ് സാങ്കേതികവിദ്യയിലാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത് .
കാടിന്റെ വന്യത ത്രീഡിയിൽ ആവിഷ്കരിച്ച് പ്രേക്ഷകരിലെത്തിച്ചത് ഡിസ്നിയാണ് . മൗഗ്ലിയുടെ ചിത്രീകരണ രംഗങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട് .