സാംസ്കാരിക ദേശീയത അടിസ്ഥാനമാക്കി ഏകാത്മ മാനവദർശനം ആദർശമാക്കി ഭാരതീയ ജനതാ പാർട്ടി പിറവിയെടുത്തിട്ട് ഇന്ന് മുപ്പത്താറ് വർഷം . 1980 ഏപ്രിൽ ആറിനാണ് ജനതാപാർട്ടിയിൽ നിന്ന് ദ്വയാംഗത്വ പ്രശ്നത്തെ തുടർന്ന് പിരിഞ്ഞു പോയവർ ബിജെപി രൂപവത്കരിക്കുന്നത്
ഭാരതീയ ജനതാപാർട്ടിയുടെ ആദർശത്തിന്റെ തുടക്കം പക്ഷേ 1980 ൽ ആയിരുന്നില്ല . 1925 ൽ ഡോ കേശവ ബലിറാം ഹെഡ്ഗേവാർ ആരംഭിച്ച രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയവും ആദർശവും കൈമുതലാക്കി 1951 ൽ ആരംഭിച്ച ജനസംഘമാണ് ബിജെപിയുടെ പൂർവസംഘടന .
എഴുത്തോ നിന്റെ കഴുത്തോ എന്ന ചൊല്ലിനെ അന്വർത്ഥമാക്കിയ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതികരിക്കാൻ ജനസംഘവും മറ്റ് സോഷ്യലിസ്റ്റ് സംഘടനകളും ചേർന്ന് 1977 ൽ ജനതാപാർട്ടിയുണ്ടായി . എന്നാൽ 1979 ൽ ആർ.എസ്.എസ് അംഗത്വമുള്ളവർ ജനതാപാർട്ടിയിൽ തുടരുന്നതിനെതിരെ പാർട്ടിയിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി . തുടർന്നാണ് വേരുകൾ മറക്കാൻ താത്പര്യമില്ലാത്ത മുൻ ജനസംഘക്കാർ 1980 ഏപ്രിൽ ആറിന് അടൽ ബിഹാരി വാജ്പേയിയുടെ അദ്ധ്യക്ഷതയിൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചത്
മനുഷ്യനെ രാഷ്ട്രത്തിന്റെ ചലനാത്മകമായ അംശമായിക്കണ്ട ഏകാത്മമാനവദർശനം ഭാരതത്തിന്റെ രാഷ്ട്രീയമായി മാറിത്തുടങ്ങിയത് അതിനു ശേഷമാണ് . 1984 ൽ രണ്ട് സീറ്റിലൊതുങ്ങിയെങ്കിലും വോട്ടിംഗ് ശതമാനത്തിൽ പാർട്ടി രണ്ടാമതെത്തി . 1989 ൽ 85 സീറ്റു നേടിയ പാർട്ടി സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചു . അയോദ്ധ്യ പ്രക്ഷോഭത്തെ തുടർന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസം സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചു
തുടർന്ന് രാജ്യമെങ്ങും ബിജെപി തരംഗം ആഞ്ഞടിച്ചു . മദ്ധ്യപ്രദേശും രാജസ്ഥാനും ഗുജറാത്തും ഉത്തർപ്രദേശും ഡൽഹിയുമെല്ലാം പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായി . 1991 ൽ രാജീവ് ഗാന്ധിയുടെ മരണത്തെത്തുടർന്നുണ്ടായ സഹതാപ തരംഗത്തെയും അതിജീവിച്ച് ബിജെപി 120 സീറ്റുകൾ നേടി . കോഴയും കുതിരക്കച്ചവടവും കൊണ്ട് നരസിംഹറാവു സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചപ്പോൾ 1996 ബിജെപിയുടെ വർഷമായി മാറി
161 സീറ്റുകളാണ് 96 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ലഭിച്ചത് . ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതിനെത്തുടർന്ന് വാജ്പേയിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാഞ്ഞതിനാൽ 13 ദിവസം കൊണ്ട് സർക്കാരിന് രാജിവെക്കേണ്ടി വന്നു . തുടർന്ന് വന്ന പരീക്ഷണ സർക്കാരുകൾ അല്പായുസ്സായതോടെ 1998 ൽ പുതിയ തെരഞ്ഞെടുപ്പ് നടന്നു . 182 സീറ്റുകളോടെ ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി .
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി രൂപം കൊണ്ട സർക്കാർ 13 മാസം ഭരിച്ചു . അമേരിക്കയുടെ ഉപരോധത്തെ അതിജീവിച്ച് നടത്തിയ പൊഖ് റാൻ അണുപരീക്ഷണവും കാർഗിലിലെ പാക് ആക്രമണത്തിനു കൊടുത്ത ശക്തമായ മറുപടിയും പാർട്ടിയുടെയും സർക്കാരിന്റേയും യശസ്സുയർത്തി .എ ഐ ഡി എം കെ പിന്തുണ പിൻ വലിച്ചതിനെത്തുടർന്ന് ഭരണം നഷ്ടമായെങ്കിലും 13 മാസത്തെ ഭരണം എൻ ഡി എ സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റി
തുടർന്ന് ഭാരതം കണ്ടത് വ്യത്യസ്തമായ ഭരണ പരിഷ്കാരങ്ങളായിരുന്നു . ഏറ്റവും മികച്ച പാർലമെന്റേറിയനെന്ന് പേരെടുത്ത അടൽ ബിഹാരി വാജ്പേയിയും മികച്ച രാജ്യതന്ത്രജ്ഞനായ ലാൽ കൃഷ്ണ അദ്വാനിയും ദേശീയ ചിന്താധാരയിൽ ഉറച്ചു നിന്ന ഒരുകൂട്ടം ത്യാഗധനരായ നേതാക്കളും ചേർന്നതോടെ എൻ ഡി എ സർക്കാർ ഭാരതത്തിന്റെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസിതര സർക്കാരായി മാറി.
2004 ലും 2009 ലും പരാജയത്തെ അഭിമുഖീകരിച്ചെങ്കിലും പശ്ചിമ ഭാരതത്തിൽ നിന്ന് ദേശീയതലത്തിലേക്കുയർന്നു വന്ന നരേന്ദ്രമോദിയെന്ന പ്രതിഭാധനനിലൂടെ 2014 ൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേറി . 282 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ പാർട്ടി, ദേശീയതയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയാണ് നൽകിയത്
പാർട്ടിയും സർക്കാരും ഒറ്റക്കെട്ടോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ദിനങ്ങളാണ് അതിനു ശേഷം കടന്നു പോയത് . ഭാരതത്തിന്റെ ആധുനിക ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ഉജ്ജ്വല വിജയം നേടിയതിനു ശേഷമുള്ള പാർട്ടിയുടെ രണ്ടാം ജന്മദിനമാണിന്ന് . .എന്തിനും ഏതിനും പാശ്ചാത്യ രാജ്യങ്ങളേയും റഷ്യയേയും ചൈനയേയും നോക്കി നിൽക്കുന്ന രാഷ്ട്രീയ സംസ്കാരത്തെ മാറ്റി നിർത്തി ദേശീയമായ കാഴ്ചപ്പാടുള്ള ഒരു പ്രസ്ഥാനം ഭരണത്തിലേറിയതിന്റെ ഗുണങ്ങൾ ഭാരതമെങ്ങും ദൃശ്യമായിക്കഴിഞ്ഞു .
ചരിത്രത്തിനും ഐതിഹ്യത്തിനും എത്തി നോക്കാനാകാത്ത വണ്ണം ഇരുളടഞ്ഞ ഒരു ഭൂതകാലമാണ് ഭാരതത്തിനുണ്ടായിരുന്നത് . അതിൽ നിന്ന് വൈഭവ പൂർണമായ ഭാവിഭാരതം കെട്ടിപ്പടുക്കാൻ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചത് ബിജെപിയിലാണെന്നത് ആ പാർട്ടിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട് .