മലപ്പുറം: പുലാമന്തോളിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. കോട്ടയം മല്ലപ്പള്ളി സ്വദേശി പി.ബി.അനില്‍കുമാറാണ് മരിച്ചത്. ഇടഞ്ഞ ആന നിരവധി വാഹനങ്ങളും കടകളും തകർത്തു. പാലൂർ ആലഞ്ചേരി പൂരത്തിനെത്തിയ ഗുരുവായൂർ ദേവസ്വത്തിന്റ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രവഴിയിലേക്ക് പ്രവേശിക്കവെ ഇടഞ്ഞ് ഒാടുന്നതിനിടയിൽ ആനപ്പുറത്ത് നിന്ന് അനിൽ താഴെ വീഴുകയായിരുന്നു.
പരിക്കേറ്റ പാപ്പാനെ പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിക്കൂറുകളോളം പ്രദേശത്ത് ഭീതി വിതച്ച ആന കണ്ണിൽകണ്ടതെല്ലാം തകർത്തു. മുപ്പതോളം വാഹനങ്ങളാണ് ആന നശിപ്പിച്ചത്. പൂരപ്പറമ്പിലെ കച്ചവട സ്റ്റാളുകളും മറ്റും തകത്ത് റോഡിലേക്കിറങ്ങിയ ആന പാലൂർ സുബ്രഹ്മണ്യകോവിലിന്റെ മതിൽ തകർക്കുകയും ചെയ്തു. ക്ഷേത്രത്തിനു സമീപത്തെ പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുകൊണ്ടിരുന്ന പരീക്ഷ ആന വിരണ്ടോടിയതിനാൽ കുറെ സമയം തടസ്സപ്പെട്ടു. ഒടുവിൽ മറ്റ് സ്ഥലങ്ങളിൽ നിന്ന് പാപ്പാൻമാരെത്തിയാണ് ആനയെ തളച്ചത്.