കൊച്ചി: കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹം ഓശാന പെരുന്നാള്‍ ആചരിക്കുന്നു.
യേശുക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയെ അനുസ്മരിപ്പിക്കുന്ന വിശുദ്ധവാരത്തിന്റെ തുടക്കമാണ് ഒശാന ഞായര്‍.
കേരളത്തിലെ ദേവാലയങ്ങളിലും ഓശാന ഞായര്‍ ആചരിച്ചു. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും വിശുദ്ധകുര്‍ബാനയും ഘോഷയാത്രയും നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കുന്ന പെസഹവ്യാഴവും ഈ ആഴ്ചയാണ്. പെസഹ വ്യാഴത്തില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും.
യേശുക്രിസ്തുവിന്റെ കുരിശു മരണ ദിനമായ ദുഃഖ വെള്ളി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വിശുദ്ധവാരാചരണം പൂര്‍ത്തിയാകുക.