തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ വിന്‍സെന്‍ എം പോളിനെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. വിരമിച്ചതിന് ശേഷവും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് ജേക്കബ് തോമസ് കൊച്ചിയില്‍ പറഞ്ഞു. വിന്‍സെന്‍ എം പോളിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ അത്ഭുതമാണ് തോന്നിയത്. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ഈ നീക്കം നടത്തിയതെന്നും ജേക്കബ് തോമസ് ആരോപിച്ചു. വിജിലന്‍സ് സംവിധാനം സുതാര്യമാണെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.
നേരത്തെ ആരാണ് അഴിമതിക്കാര്‍ എന്ന് ചോദിച്ചിടത്ത് ഇപ്പോള്‍ ആരാണ് ഏറ്റവും വലിയ അഴിമതിക്കാരെന്നാണ് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ ബാര്‍ കോഴക്കേസില്‍ കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങളെ തുടര്‍ന്ന് അവധിയില്‍ പോകുകയായിരുന്നു. തുടര്‍ന്ന് അടുത്തിടെ വിരമിച്ച അദ്ദേഹത്തെ മുഖ്യ വിവരാവകാശ കമ്മീഷറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു.