അബുദബി: പഴമയും പുതുമയും ഒത്തുചേര്‍ന്ന കാര്ശേഖരവുമായി യു.എ.ഇ പോലീസ്. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സുരക്ഷാ പ്രദര്‍ശനമായ ഐ.എസ്.എന്‍.ആറിലാണ് അബുദാബി ദുബായ് പോലീസുകളുടെ സൂപ്പര്‍ കാര്‍ശേഖരവും അബുദാബി പോലീസ് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിചിരുന്ന വിന്റേജ് കാര്‍ശേഖരവും പ്രദര്‍ശിപ്പിച്ചത്.
മൂന്ന് ദിവസം നീണ്ട് നിന്ന പ്രദര്‍ശനത്തില്‍ സുരക്ഷാരംഗത്തെ അത്യാധുനിക ഉപകരണങ്ങള്‍,സാങ്കേതിക വിദ്യകള്‍ എന്നിവയാണ് പ്രധാനമായും പ്രദര്‍ശിപ്പിച്ചത്. സിവില്‍ ഡിഫന്‍സ് വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ എഞ്ചിനുകള്‍, വസ്ത്രങ്ങള്‍ മുതലാവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അബുദാബി ദുബായ് പോലീസുകളുടെ സൂപ്പര്‍ കാര്‍ ശേഖരം പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമായി.
ഇതോടൊപ്പം അബുദാബി പോലീസിന്റെ വിന്റേജ് വാഹന ശേഖരവും പ്രദര്‍ശപ്പിച്ചു.സന്ദര്‍ശകര്‍ക്ക് ഈ വാഹനങ്ങളിലെ സജ്ജീകരണങ്ങളെ അടുത്തറിയാനുള്ള അവസരവും പോലീസ് ഒരുക്കിയിരുന്നു. അബുദാബി പോലീസിന്റെ ചരിത്രം സന്ദര്‍ശകര്‍ക്ക് മനസിലാക്കാനായി പോലീസ് വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്ന ആയുധങ്ങളും, ഉപകരണങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കെമിക്കല്‍ പരീക്ഷണ ശാലയിലേക്ക് വിമാനമിടിച്ചിറങ്ങിയാലുള്ള അവസ്ഥ സൃഷ്ടിച്ച് ആ സാഹചര്യത്തെ പോലീസ് എങ്ങനെ നേരിടുന്നു എന്ന് മനസിലാക്കി കൊടുക്കുന്ന ഫയര്‍ ഡ്രില്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്ഥമായ ഒരനുഭവമായി.വിഷവാതകവും തീയുമെല്ലാം അണച്ച് സാധാരണ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നതെല്ലാം അതുപോലെ പോലീസ് അവതരിപ്പിച്ചു.
45 രാജ്യങ്ങളില്‍ നിന്നുളള 500ല്‍ അധികം പ്രദര്‍ശകരാണ് ഐ.എസ്.എന്‍.ആര് 2016ല്‍ പങ്കെടുത്തത്. ഏകദേശം 30 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകള്‍ പ്രദര്‍ശനത്തോട് അനുബന്ധിച്ച് നടന്നു. ദേശിയ സുരക്ഷയുമായി ബന്ധപ്പെട്ട 10 വര്‍ക്ക്ഷോപ്പുകളും, 60ലേറെ സെമിനാറുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.