ന്യൂഡല്‍ഹി: രാജ്യസഭയില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി. സര്‍ക്കാരിനെതിരേ സിപിഎം ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജെയ്റ്റ്ലി. നിങ്ങള്‍ എന്നെ വിമര്‍ശിച്ചാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യവും ഞാന്‍ നിങ്ങളെ വിമര്‍ശിച്ചാല്‍ അസഹിഷ്ണുതയുമാണെന്ന് ജെയ്റ്റ്ലി പറഞ്ഞു.
അടുത്തിടെയായി അസഹിഷ്ണുതയുടെ പേരില്‍ സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ജെയ്റ്റ്ലിയുടെ വാക്കുകള്‍. ആധാര്‍ ബില്ല് ലോക്സഭ പാസാക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.
ബില്ല് ലോക്സഭ പാസാക്കിയതിനെ യെച്ചൂരി ചോദ്യം ചെയ്തു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സംഭവത്തില്‍ ബില്ല് പാസാക്കിയത് സ്വകാര്യതയുടെ ലംഘനമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. മണി ബില്ലായി പാസാക്കാനുളള സര്‍ക്കാരിന്റെ അവകാശത്തെയും യെച്ചൂരി ചോദ്യം ചെയ്തു.
എന്നാല്‍ അത്ഭുതകരമായ വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് ജെയ്റ്റ്ലി തിരിച്ചടിച്ചു. ജനാധിപത്യസംവിധാനത്തില്‍ അധികാര വികേന്ദ്രീകരണം ഉണ്ടെന്നും ബില്ലിന്റെ നിയമസാധുത വിലയിരുത്താന്‍ മാത്രമാണ് കോടതിക്ക് അധികാരമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ബില്ല് നിയമമാക്കുക സര്‍ക്കാരിന്റെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. ബില്ല് പാസാക്കിയ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റ നടപടി ചോദ്യം ചെയ്യാനാകില്ലെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ കുര്യനും വ്യക്തമാക്കി.
ആധാര്‍ ബില്ല് മണി ബില്ലാക്കി മാറ്റിയത് തെറ്റായ രീതിയിലൂടെയാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളും ആരോപിച്ചു.