ദേവരാഗം നിലച്ചിട്ട് ഒരു പതിറ്റാണ്ട്

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ജി ദേവരാജന്റെ വേര്‍പാടിന് ഇന്നേക്ക് പത്ത് വര്‍ഷം. കാലം മറക്കാത്ത ഈണങ്ങളുടെ ദേവശില്‍പ്പിയെ മലയാളം ഒരിക്കല്‍ കൂടി നമിക്കുന്നു.

താഴാമ്പൂ മണമുള്ള ഓര്‍മ്മകളുമായി സ്വര്‍ണച്ചാമരം വീശിയെത്തുന്ന എത്രയെത്ര പാട്ടുകളാണ് കാതങ്ങള്‍ക്കക്കരെ നിന്ന് ഒഴുകിയെത്തുന്നത്. കാലം മറക്കാത്ത നല്ല പാട്ടിന്റെ ഇലഞ്ഞിപ്പൂമണം, കേട്ടിരിക്കെ കോരിത്തരിക്കുന്നു, പുഷ്പമംഗലയാം ഭൂമി.

വയലാറിന്റെ വരികളുമായി ചേര്‍ന്നപ്പോഴെല്ലാം ശുദ്ധസംഗീതത്തിന്റെ ശാരദ സന്ധ്യകളില്‍ ശംഖുപുഷ്പം കൊണ്ട് കണ്ണെഴുതി ദേവരാഗ സംഗീതം. ചന്ദ്രകളഭം ഒരിക്കല്‍ കേട്ടാലറിയാം, സംഗീതം വന്ന് ചുംബിക്കുമ്പോള്‍ വരികള്‍ നക്ഷത്രങ്ങളാകുന്ന ആ ദിവ്യകല.

ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലേതു പോലെ ഇന്നും മലയാളം പാടിക്കൊണ്ടിരിക്കുന്ന ദേവരാജന്‍ മാസ്റ്ററുടെ പല പാട്ടുകള്‍ക്കും പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. 1962ല്‍ വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ മാഷ് ഈണമിട്ട് ഭാര്യ എന്ന ചിത്രത്തിന് വേണ്ടി എ.എം രാജയും സുശീലയും ചേര്‍ന്ന് പാടിയ പെരിയാറേ പെരിയാറേ എന്ന് തുടങ്ങി എത്ര നല്ല ഗാനങ്ങള്‍.

65 ല്‍ മാണിക്യവീണയുമായി യേശുദാസ്, 66 ല്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി പി ജയചന്ദ്രന്‍. ഇരുവരെയും അസാദ്ധ്യമായി ഉപയോഗിച്ചു ദേവരാജന്‍ എന്ന സംഗീത സംവിധായകന്‍. ഒരു പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍ ആ ദേവരാഗത്തിന്റെ മഹത്വം മലയാളം  തിരിച്ചറിയുന്നു.

പി.സി ജോര്‍ജ്ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

Next Story »

ബ്രിട്ടീഷ് പൗരത്വം: രാഹുലിനോട് പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി മറുപടി തേടി

HAPPENING NOW

%d bloggers like this: