ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫെയ്സ്ബുക്ക് പേജില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു മര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി. തന്നെ സന്ദര്‍ശിച്ച വലിയ മെത്രാപ്പൊലീത്തയുമൊന്നിച്ചുളള ചിത്രം ഇന്നലെ വൈകിട്ടാണ് പ്രധാനമന്ത്രി ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്.
ഇരുപത്തിനാല് മണിക്കൂറിനുളളില്‍ പതിനയ്യായിരത്തിലധികം പേരാണ് ഫെയ്സ്ബുക്കിലൂടെ ചിത്രം ഷെയര്‍ ചെയ്തത്. മൂന്നര ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ ഫോളൊവേഴ്സില് നിന്നും ആവേശകരമായ പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. തിരുമേനിയുമൊത്ത് നടത്തിയ ആശയവിനിമയം അത്ഭുതകരമായിരുന്നുവെന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ട്വിറ്ററിലും ഫെയ്സ്ബുക്കിലും ചിത്രം പോസ്റ്റ് ചെയ്തത്.
ഒരു കൈയ്യില്‍ വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടന്നു നീങ്ങുന്ന തിരുമേനിയുടെ മറുകൈ പിടിച്ച് നടക്കാന്‍ സഹായിക്കുന്ന ചിത്രമായിരുന്നു പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. ഫോട്ടോ ചെയര്‍ ചെയ്തവരില്‍ ഏറെയും മലയാളികളായിരുന്നു. വലിയ മെത്രാപ്പൊലീത്തയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് സംവിധായകന് ബ്ലസി ഒരുക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനായിട്ടായിരുന്നു അദ്ദേഹം ഡല്‍ഹിയിലെത്തിയത്. രാഷ്ട്രീയ നേതാക്കളുമായി തിരുമേനി നടത്തുന്ന ആശയവിനിമയമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.