കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വിട്ട പി.ജെ ജോസഫ് അനുകൂലികള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായി ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്.
കേരള കോണ്‍ഗ്രസ് എമ്മില്‍ മാണിയുടെ കുടുംബവാഴ്ചയാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ ആഴ്ച ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ആന്റണി രാജു ഉള്‍പ്പെടെയുളള ജോസഫ് വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിട്ടത്. മാണി കുടുംബസ്വത്താക്കി മാറ്റിയ കേരള കോണ്‍ഗ്രസ് എം ഉറവ വറ്റിയ കിണറാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാര്‍ട്ടി ശിഥിലമാകുമെന്നും ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
1964 ല്‍ രൂപീകൃതമായ കേരള കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമാണ് പുതിയ പാര്‍ട്ടിയിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ട്ടിയുടെ ആസ്ഥാനം കോട്ടയം ആയിരിക്കും. വെള്ളയും ചുവപ്പും നിറത്തിലുള്ള പതാകയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസും ഉപയോഗിക്കുക.
ഇന്നു ചേര്‍ന്ന പാര്‍ട്ടി രൂപീകരണ യോഗത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി 326 സംസ്ഥാനസമിതി അംഗങ്ങള്‍ പങ്കെടുത്തു. സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ അഡ്ഹോക് കമ്മറ്റികളാണ് പ്രവര്‍ത്തനം നയിക്കുക.