ചാലക്കുടി: നടന് കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണത്തില്‍ ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി. മണിയുടെ ശരീരത്തില്‍ വ്യാജമദ്യത്തിലും മറ്റും കാണുന്ന മെഥനോളിന്റെ അംശം ഉണ്ടായിരുന്നുവെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ചാലക്കുടി പാഡിയിലെ അദ്ദേഹത്തിന്റെ ഔട്ട് ഹൗസ് പൊലീസ് പരിശോധിച്ച് സീല്‍ ചെയ്തു
ഫൊറന്‍സിക് വിദഗ്ധരും ഡോഗ്സ്ക്വാഡും അടങ്ങുന്ന സംഘമാണ് ഔട്ട് ഹൗസില്‍ പരിശോധന നടത്തിയത്. മണിയുടെ വീടിന്റെ അഞ്ഞൂറ് മീറ്റര്‍ അകലെ പുഴയോട് ചേര്‍ന്നാണ് ഔട്ട് ഹൗസ്. മെഥനോളിനൊപ്പം ആരോഗ്യത്തിന് ഹാനീകരമായ ലഹരി വസ്തുക്കളുടെ സാന്നിദ്ധ്യവും മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായാണ് അദ്ദേഹത്തെ ചികിത്സിച്ച കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. തൃശൂര്‍ അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ചാലക്കുടി ഡിവൈഎസ്പിയും ചാലക്കുടി എസ്ഐയും അന്വേഷണ സംഘത്തിലുണ്ട്. ആത്മഹത്യാസാദ്ധ്യതയടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മണിയുടെ മൃതദേഹം അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് പൊതുദര്‍ശനത്തിനായി മൃതദേഹം സംഗീത നാടക അക്കാദമിയിലെത്തിച്ചു.