തിരുവനന്തപുരം: ജയസാദ്ധ്യതയില്ലാത്ത മണ്ഡലത്തില്‍ മത്സരിച്ച് സിപിഎമ്മിന് വേണ്ടി ഇനി ചാവേറാകാനില്ലെന്ന് ഇടത് സഹയാത്രികനായ ചെറിയാന് ഫിലിപ്പ്. സിപിഎമ്മില്‍ സീറ്റ് ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഫെയ്സ്ബുക്കിലൂടെ ചെറിയാന് ഫിലിപ്പിന്റെ പ്രതികരണം.
രാഷ്ട്രീയ ദൗത്യമെന്ന നിലയിലാണ് മൂന്നു തവണ യുഡിഎഫ് കോട്ടകളില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് തോറ്റതെന്നും പതിനഞ്ച് വര്‍ഷം സിപിഎമ്മിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന തനിക്ക് കേരളത്തില്‍ ജയസാദ്ധ്യതയുളള സീറ്റ് ലഭിക്കാന്‍ അര്‍ഹതയും അവകാശവും ഉണ്ടെന്നും ചെറിയാന് ഫിലിപ്പ് വ്യക്തമാക്കുന്നു. തോല്‍ക്കാനായി ജനിച്ചവന് എന്ന ദുഷ്പേര് മാറ്റാന്‍ ഒരിക്കലെങ്കിലും ജയിക്കുക എന്നത് തന്റെ അഭിമാനപ്രശ്നമാണെന്നും അവസാന ഊഴത്തിനായിട്ടാണ് താന്‍ കാത്തിരിക്കുന്നതെന്നും ഫെയ്സ്ബുക്കില്‍ ചെറിയാന് ഫിലിപ്പ് പറഞ്ഞു.
2006 ല്‍ കല്ലൂപ്പാറയിലും 2011 ല്‍ വട്ടിയൂര്‍കാവിലും നാമനിര്‍ദ്ദേശ പത്രിക കൊടുക്കുന്നതിന് മുന്‍പ് തന്നെ തോല്‍വി ഉറപ്പായിരുന്നു. കേരളത്തില്‍ സിപിഎം ഏറ്റവും ദുര്‍ബ്ബലമായ മണ്ഡലങ്ങളായിരുന്നു ഇതെന്നും ചെറിയാന് ഫിലിപ്പ് പറയുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന ചെറിയാന് ഫിലിപ്പ് 2001 ലാണ് കോണ്‍ഗ്രസ് വിട്ടത്. പിന്നീട് സിപിഎം സഹയാത്രികനാകുകയായിരുന്നു. ഇക്കുറി സിപിഎമ്മിന്റെ പരിഗണനയില്‍ ഉളള സ്ഥാനാര്‍ഥിപട്ടികയില്‍ ചെറിയാന് ഫിലിപ്പിന്റെ പേര് അധികം ഉയര്‍ന്നുകേട്ടില്ല. ഈ സാഹചര്യത്തിലാണ് പരസ്യ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.