ന്യൂഡല്‍ഹി: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയില്‍ വെച്ച് പണം നല്കിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. ചാന്ദ്നി ചൗക്കിലെ ഷോപ്പിംഗ് മാളില്‍ മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിളയ്ക്ക് പണം കൈമാറിയെന്ന് സോളാര്‍ കമ്മീഷനില്‍ നല്കിയ മൊഴിയില്‍ സരിത നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
സാംസകാരിക സംഘടനയായ നവോദയത്തിന്റെ എക്സിക്യുട്ടിവ് അംഗം ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി അന്വേഷണ ഉത്തരവിട്ടത്. മാര്‍ച്ച് 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭവം നടന്നത് ഡല്‍ഹിയിലായതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. സോളാര്‍ കമ്മീഷനില്‍ അടുത്തിടെ നല്കിയ മൊഴിയിലാണ് സരിത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.