ആലപ്പുഴ: സിപിഎമ്മിന്റെ എതിര്‍പ്പ് നിലനില്‍ക്കെ കുട്ടനാട്ടിലെ സ്ഥാനാര്‍ഥിത്വം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് എംഎല്‍എ തോമസ് ചാണ്ടി. കുട്ടനാട് സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ താല്പര്യമുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് എന്‍സിപി എംഎല്‍എ തോമസ് ചാണ്ടി വീണ്ടും രംഗത്തെത്തിയത്. മന്ത്രിയാകുകയാണെങ്കില്‍ ജലവിഭവ വകുപ്പ് വേണമെന്നും തോമസ് ചാണ്ടി ആവര്‍ത്തിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച വിജയം നേടാനാകാഞ്ഞതില് സിപിഎം ഉള്‍പ്പെടെയുളള കക്ഷികള്‍ക്ക് തോമസ് ചാണ്ടിയോട് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിയാകാനുളള താല്പര്യം വ്യക്തമാക്കി അദ്ദേഹം തുടക്കത്തിലേ രംഗത്തെത്തിയത്. തോമസ് ചാണ്ടിയുടെ നടപടി സിപിഎം ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മോശമായെങ്കില്‍ സിപിഎമ്മിനും അതില്‍ ഉത്തരവാദിത്വമുണ്ടെന്ന് തോമസ് ചാണ്ടി തുറന്നടിക്കുന്നു. എല്ലാ വാര്‍ഡുകളിലും പ്രചരണം നടത്താന്‍ ആരോഗ്യം അനുവദിച്ചില്ല. എന്നാല്‍ സാമ്പത്തികമായും മറ്റു രീതിയിലും താന്‍ സഹായിച്ചിരുന്നതായി അ്ദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 2 തവണയും കുട്ടനാടിനെ പ്രതിനിധീകരിച്ച തനിക്ക് പ്രതിപക്ഷത്തായിരുന്നതിനാല് കുട്ടനാടിന്റെ വികസനത്തില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. യഥാര്‍ഥത്തില്‍ കുട്ടനാടിന്റെ വികസനം അട്ടിമറിച്ചത് ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പാര്‍ട്ടികളാണെന്നും അതിനാലാണ് ഇക്കുറി വകുപ്പ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്പി മുന്നണി വിട്ട സാഹചര്യത്തില്‍ അവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ് എന്‍സിപി ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസില്‍ നിന്നായാലും കോണ്‍ഗ്രസില്‍ നിന്നായാലും താന്‍ ഭയപ്പെടുന്നില്ലന്നും തോമസ് ചാണ്ടി പറഞ്ഞു.
കുട്ടനാട്ടില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് അറിയിച്ചിരുന്നു. മണ്ഡലത്തില്‍ ഏറ്റവും ശക്തമായത് സിപിഎം ആണെന്നും അവിടെ മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെ വികാരമാണെന്നും സജി ചെറിയാന് വ്യക്തമാക്കിയിരുന്നു.