ശ്രീനഗര്‍: ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരരുമായുള്ള സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ കരസേന ക്യാപ്റ്റനടക്കം നാല് പേര് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഭീകരവാദികള്‍ ഒളിച്ചിരുന്ന കെട്ടിടം പരിശോധിക്കുന്നതിനിടെ ഇരുപത്തിരണ്ടുകാരനായ പവന്‍കുമാറാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു ജവാനും പരിക്കേറ്റിട്ടുണ്ട്.
പവന്‍കുമാറിനെ കൂടാതെ രണ്ട് സി.ആര്.പി.എഫ് ജവാന്മാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ സിആര്‍പിഎഫിന്റെ വാഹനവ്യൂഹനത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈനികര്‍ തിരിച്ച് ഭീകരര്‍ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഭീകരര്‍ അടുത്തുള്ള ഗവണ്മെന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഓടിക്കയറി.
കെട്ടിടത്തില്‍ ഉദ്യോഗസ്ഥരടക്കം 115 ഓളം പേര് ഉണ്ടായിരുന്നു. ഇവരെ കമോന്‍ഡോകളും പൊലീസും എത്തി ഒഴിപ്പിച്ചു. സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചു. കെട്ടിടത്തില്‍ അഞ്ചോളം ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകുമെന്നാണ് സൂചന. സൈന്യം കെട്ടിടം വളഞ്ഞ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ആക്രമണം ശക്തിപ്പെട്ടതോടെ ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിട്ടുണ്ട്.