തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയും ജ്ഞാനപീഠ പുരസ്കാരജേതാവുമായ ഒഎന്‍വി കുറുപ്പ് അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1998 ല്‍ പത്മശ്രീ പുരസ്കാരം നേടിയ ഒഎന്‍വിയെ 2011 ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. 2008 ല്‍ എഴുത്തച്ഛന് പുരസ്കാരം നേടി. ചലച്ചിത്ര ഗാനരചനയിലും സജീവമായിരുന്നു.12 തവണ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം നേടിയിട്ടുണ്ട്.
ഒ.എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടിയുടെയും മകനായി 1931 മെയ് 27 ന് കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം. ചവറ ഗവണ്മെന്റ് സ്കൂള്‍, കൊല്ലം എസ്എന്‍ കോളജ്, ട്രാവന്‍കൂര്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1957 ല്‍ എറണാകുളം മഹാജാസില് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ് തുടങ്ങിയിടങ്ങളില്‍ അദ്ധ്യാപകനായി.