ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അബൂദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഡല്‍ഹിയില്‍ ഊഷ്മള വരവേല്പ്. പ്രോട്ടോക്കോള്‍ നിബന്ധനകള്‍ മാറ്റിവെച്ച് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചത്. വ്യവസായ പ്രമുഖരും മന്ത്രിമാരും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അനുഗമിക്കുന്നുണ്ട്.
ദീര്‍ഘവീക്ഷണമുള്ള നേതാവാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനം ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധത്തിന് കരുത്ത് പകരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായും പ്രധാനമന്ത്രിനരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തും. കഴിഞ്ഞ ഓഗസ്റ്റില്‍ യുഎഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തിയത്.
വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും. 2014-15 ല്‍ ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം 60 ബില്യന്‍ യുഎസ് ഡോളറിലെത്തിയിരുന്നു. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിലും ഊര്‍ജ്ജ മേഖലയിലും യുഎഇയുടെ പങ്ക് നിര്‍ണായകമാണ്. ഈ മേഖലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സഹകരണം ഉറപ്പിക്കുന്നതും മേഖലയിലെ അസ്ഥിരതയും ആയിരിക്കും പ്രധാന ചര്‍ച്ച.
2.6 മില്യന്‍ ഇന്ത്യക്കാര്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുടെ ക്ഷേമത്തിന് ഉതകുന്ന കാര്യങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിക്കും. വ്യവസായരംഗങ്ങളില്‍ സഹകരണം ഉറപ്പിക്കാന്‍ യുഎഇയില്‍ നിന്നെത്തിയ ബിസിനസ് പ്രമുഖര്‍ മറ്റെന്നാള്‍ മുംബൈയിലെത്തി ഇന്ത്യന്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും. 2021 ല്‍ യുഎഇ നടത്താനിരിക്കുന്ന ചൊവ്വാ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ സഹകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ ഇടംപിടിക്കും.