ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രസ് കൗണ്‍സില്‍ ‘ദി ഹിന്ദു’ പത്രത്തോട് വിശദീകരണം തേടി. സര്‍സംഘചാലകുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ ആര്‍എസ്എസ് നല്കിയ പരാതിയിലാണ് പ്രസ് കൗണ്‍സില്‍ നടപടി. ‘സംസ്ഥാന ബിജെപി നേതൃത്വത്തെ ആര്‍എസ്എസ് മാറ്റാനൊരുങ്ങുന്നു’ എന്ന തലക്കെട്ടില്‍ 2015 നവംബര്‍ 19 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതവും പ്രതിഷേധാര്‍ഹവുമാണെന്ന് കാട്ടി ആര്‍എസ്എസ് പ്രാന്തസഹസംഘചാലക് കെ.കെ. ബലറാമാണ് പ്രസ് കൗണ്‍സിലിന് പരാതി നല്‍കിയത്.
2015 നവംബര്‍ 17 ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തിയത് കണ്ണൂരിലെ ചിറയ്ക്കലില്‍ നടന്ന ആര്‍എസ്എസ് ശിബിരത്തില്‍ പങ്കെടുക്കാനാണ്. ബിജെപി നേതൃമാറ്റം സംബന്ധിച്ച് ഒരൊറ്റ ആര്‍എസ്എസ് നേതാവുപോലും സംസാരിക്കുകയോ സര്സംഘചാലകുമൊത്തിരിക്കുകയോ വാര്ത്തയിലുള്ളതുപോലെ രാഷ്ട്രീയകാര്യങ്ങള്‍ ധരിപ്പിക്കുകയോ ചെയ്തിരുന്നില്ല.
അടിസ്ഥാന രഹിതമായ ‘ഹിന്ദു’വിന്റെ ഈ വാര്‍ത്ത ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരിലും ജനങ്ങളിലും തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് കെ.കെ ബലറാം പരാതിയില്‍ പറയുന്നു.