തിരുവനന്തപുരം: വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കവേ തെരുവു നായ്ക്കൂട്ടം ആക്രമിച്ച വൃദ്ധൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. വർക്കല സ്വദേശി മുണ്ടയിൽ ചരുവിള വീട്ടിൽ രാഘവൻ (90) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
വീടിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന വൃദ്ധനെ ഇന്നു വെളുപ്പിനെ നാലരയോടെ തെരുവുനായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആറോളം നായ്ക്കൾ ചേർന്നാണ് വൃദ്ധനെ ആക്രമിച്ചതെന്ന് സംഭവം കണ്ട അയൽവാസിയായ സ്ത്രീ വ്യക്തമാക്കി.
മരണകാരണം മുഖത്തും തലയ്ക്കുമേറ്റ ആഴമേറിയ മുറിവാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.