കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തു നിന്നും വിദ്യാർത്ഥികൾക്കു കൊടുക്കാൻ കൊണ്ടുവന്നതെന്നു കരുതപ്പെടുന്ന 250 പാക്കറ്റ് ബ്രൗൺഷുഗർ പിടികൂടി. ഇതോടൊപ്പം നിരവധി സിറിഞ്ചുകളും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
പ്രദേശത്ത് കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവും, ബ്രൗൺ ഷുഗറും വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം എക്സൈസ് ഇന്റലിജൻസ് കൈമാറിയതിനേത്തുടർന്ന് കുറ്റിപ്പുറം എക്സൈസ് ആണ് പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ സാക്കിബുൽ ഷേഖ്, സഹീൽ ഷേഖ് എന്നിവരെ അറസ്റ്റ് ചെയ്തത്.
കൊൽക്കൊത്തയിൽ നിന്നാണിവർ മയക്കുമരുന്നുകൾ കൊണ്ടുവന്നിരുന്നതെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു തവണ ലഹരി കുത്തി വയ്ക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്നും 300 രൂപയാണിവർ ഈടാക്കിയിരുന്നത്. വിദ്യാർത്ഥികളെന്ന വ്യാജേനയാണ് എക്സൈസ് സംഘം പ്രതികളെ സമീപിച്ചത്. എന്നാൽ പരിചയമില്ലാതിരുന്നതിനാൽ ഇവർ ബ്രൗൺ ഷുഗർ നൽകാൻ തയ്യാറായില്ല. തുടർന്ന് ഇവരെ പിന്തുടർന്ന എക്സൈസ് സംഘം വളാഞ്ചേരിക്കടുത്തു വച്ച് ഇവരെ പിടികൂടുകയായിരുന്നു.