വഡോദര: കളളപ്പണത്തിനും അഴിമതിക്കുമെതിരേ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താതെ തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ചോര്‍ച്ച തടഞ്ഞും കളളപ്പണ വിവരങ്ങള്‍ വെളിപ്പെടുത്തിയും ഏകദേശം ഒരു ലക്ഷം കോടി രൂപയോളം സര്‍ക്കാരിന് കണ്ടെത്താന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വഡോദരയില്‍ ഭിന്നശേഷിയുളളവര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുതല്‍ അഴിമതിക്കെതിരേ നേരിട്ടുളള യുദ്ധമാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കളളപ്പണക്കാരുടെ വിവരങ്ങള്‍ നിയമാനുസൃതമായി വെളിപ്പെടുത്താന്‍ അവസരം നല്കി. ഇതിന്റെ ഫലമായി നികുതിയും പിഴയും ഒടുക്കി 65,000 കോടി രൂപയുടെ കളളപ്പണം വിപണയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കുന്നത് വഴി ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ 36000 കോടി രൂപയുടെ ചോര്‍ച്ചയാണ് തടയാന്‍ കഴിഞ്ഞത്.
രണ്ട് നേട്ടങ്ങളും കണക്കിലെടുത്താല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താതെ തന്നെ അഴിമതി തടഞ്ഞതിലൂടെ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപ ഖജനാവിലേക്ക് കണ്ടെത്താന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അപ്പോള്‍ അഴിമതി തടയാന്‍ സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേ ഉളളൂവെന്നും അദ്ദേഹം പറഞ്ഞു.