ശ്രീനഗര്‍: കശ്മീരില്‍ പാക് ചാരനെയും രണ്ട് ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെയും പിടികൂടി. സാംബ സെക്ടറില്‍ നിന്നാണ് ബോധ് രാജ് എന്ന പേരിലുളള പാക് ചാരനെ പിടികൂടിയത്. സുരക്ഷാസേനയെ വിന്യസിച്ചിരിക്കുന്നതിന്റെ ഭൂപടവും പാകിസ്ഥാനി സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടികൂടി.
മിലിട്ടറി ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് കശ്മീര്‍ പൊലീസ് ഇയാളെ പിടികൂടിയത്. സുരക്ഷാസേനയെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. കശ്മീരിലെ സുരക്ഷാസേനയുടെ വിന്യാസവും മറ്റ് വിവരങ്ങളും ഇയാള്‍ പാകിസ്ഥാനിലേക്ക് കൈമാറിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബാരാമുളളയില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് രണ്ട് ജെയ്ഷെ തീവ്രവാദികള്‍ കുടുങ്ങിയത്. എകെ 47 തോക്കും ഒരു പിസ്റ്റളും സ്ഫോടകവസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെത്തി. ബാരാമുളളയിലെ കാനിസ്പോരയില് നിന്നാണ് ഇവരെ സുരക്ഷാസേന പിടികൂടിയത്. സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും 52 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായിട്ടായിരുന്നു തെരച്ചില്‍ നടത്തിയത്.