തിരുവനന്തപുരം: ബിജു രമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ആദ്യം ആവശ്യപ്പെട്ടിരുന്ന പത്ത് കോടി രൂപ വേണ്ടെന്ന് കെ.എം മാണി. ഇരുപത് ലക്ഷം രൂപ നല്കിയാല് മതിയെന്ന് കാണിച്ച് മാണിയുടെ അഭിഭാഷകന് കോടതിയില്‍ അപേക്ഷ നല്കി. കേസ് ഫയല്‍ ചെയ്തിരുന്ന തിരുവനന്തപുരത്തെ കോടതിയിലാണ് അഭിഭാഷകന് അപേക്ഷ നല്‍കിയിരിക്കുന്നത്.
10 കോടി രൂപ ആവശ്യപ്പെട്ടുളള മാനനഷ്ടക്കേസില്‍ കോടതി ഫീസിന്റെ ആദ്യഗഢുവായ 1,72,000 രൂപ മാണി കെട്ടിവെച്ചിരുന്നു. ഇനിയും ഫീസിനത്തില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ കെട്ടിവെയ്ക്കണം. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരത്തുക കുറച്ച് മതിയെന്ന ആവശ്യം മാണിയുടെ അഭിഭാഷകന് ഉന്നയിച്ചത്.
കോടതി ഫീസില്‍ ഇതനുസരിച്ച് ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ കെട്ടിവെയ്്ക്കുന്ന തുക പ്രശ്നമാകാതിരിക്കാനാണ് നഷ്ടപരിഹാരത്തുക കുറച്ചതെന്നാണ് വിവരം.
മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ നല്‍കിയിരുന്നു. കേസില്‍ ഏഴ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും 28 രേഖകള്‍ പരിശോധിച്ചതായും വിജിലന്‍സ് കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും ശാസ്ത്രീയ പരിശോധന നടക്കുന്നതിനാലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്നും വിജിലന്‍സ് സംഘം വ്യക്തമാക്കി. കേസ് വീണ്ടും നവംബര്‍ മുപ്പതിലേക്ക് മാറ്റി.