തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സ്വാശ്രയ കരാര്‍ അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുമ്പോള്‍ കേരളാ കോണ്‍ഗ്രസ് യുഡി എഫ് ബ്ലോക്കില്‍ ഇല്ലെന്നതാണ് ഈ സമ്മേളനത്തിന്റെ പ്രത്യേകത. നവംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്നതാണ് സമ്മേളന കാലയളവ്.
ബജറ്റ് പാസാക്കുന്നതിനൊപ്പം മൂന്ന് സുപ്രധാന ബില്ലുകളും സഭ പാസാക്കും. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് (ഭേദഗതി) ബില്‍ 2016, കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി (ഭേദഗതി) ബില്‍ 2016, 2016 ലെ കേരള ധനകാര്യബില്‍ എന്നിവയാണ് സഭയുടെ പരിഗണനയില്‍ വരിക.
ബജറ്റിലെ ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി അഞ്ചു ദിവസവും മാറ്റിവച്ചിട്ടുണ്ട്. ഒക്ടോബര്‍ 27ന് ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയും 31ന് ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും നടക്കും.
അതേസമയം സ്വശ്രയ പ്രശ്നത്തിനൊപ്പം സൗമ്യ കേസ് ഉള്‍പ്പെടെയുളള സംഭവങ്ങള്‍ സഭയ്ക്കുള്ളിലും പുറത്തും ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്ക് മുന്‍പു തന്നെ സമരം തുടങ്ങിക്കഴിഞ്ഞിരുന്നു. നാളെ സഭയ്ക്ക് അകത്തും പുറത്തും വിഷയം ഉയര്‍ത്തിക്കാട്ടാനാകും പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.